വികസന കാഴ്ചപ്പാട്
കാര്‍ഷികമേഖലയില്‍ സമ്പൂര്‍ണ്ണ ജൈവകൃഷിയിലൂടെ വിഷ രഹിതമായ ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിച്ച് പതിനാലാം പഞ്ചവത്സര പദ്ധതി കാലയളവില്‍ പഞ്ചായത്തിനെ ഭക്ഷ്യസ്വയം പര്യാപ്തം ആക്കുകയും 2025 ഓടെ കാര്‍ഷിക മേഖലയില്‍ ഒരു പത്തിയൂര്‍ ബ്രാന്‍ഡ് യാഥാര്‍ത്ഥ്യമാകുകയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. നെല്ല്, പച്ചക്കറി, ഇടവിള, തെങ്ങ്, വാഴ, സുഗന്ധവിളകള്‍ എന്നിവ കൃഷി ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങളും പ്രകൃതിവിഭവങ്ങളും ഉള്ള പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ സംവിധാനങ്ങള്‍, കര്‍ഷക ഗ്രൂപ്പുകള്‍, പാടശേഖര സമിതികള്‍ എന്നിവയുടെയും കൃഷി വകുപ്പിന്‍റെയും പങ്കാളിത്തത്തോടെ മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്ത് ജൈവകൃഷിയിലൂടെ മികച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പി ക്കുന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കൃഷിയോടൊപ്പം ജലസേചന സൗകര്യങ്ങള്‍ കൂടി പരിപോഷിപ്പിച്ചു മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും കൃഷിയില്‍ മെച്ചപ്പെട്ട ഉല്‍പാദനവും വിപണനവും സാധ്യമാക്കി കൃഷി ആദായകരമാക്കുന്നതോടൊപ്പം കൂടുതല്‍ യുവാക്കളെ കാര്‍ഷിക വൃത്തിയിലേക്ക് നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതാണ്.
കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് ഉല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ ആണ്. ആയതിനാല്‍ കുടുംബശ്രീ കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്ഥിരം വിപണന കേന്ദ്രങ്ങള്‍ സ്ഥാപിച്ചും, വിശേഷ അവസരങ്ങളില്‍ വിപണന മേഖലകള്‍ നടത്തിച്ചും ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ടതും ലാഭകരവുമായ വിപണന സാധ്യത ഉറപ്പുവരുത്തുന്നതാണ്.